ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിലെ പ്രസിദ്ധ നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നായ പെരുവനം ഗ്രാമസമൂഹത്തിലെ ചാത്തക്കുടം ദേവസ്വത്തിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന സ്ഥലമാണ് നെന്മണിക്കര പഞ്ചായത്ത്. നല്ല നെല്ല് വിളയുന്ന സ്ഥലമായതിനാലാണ് നെന്മണിക്കര എന്നപേര് ലഭിച്ചുതെന്ന് പറയപ്പെടുന്നു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ആഗമാനന്ദ സ്വാമികള്‍ 1920-ല്‍ പാഴായിയില്‍ ഒരു ആശ്രമം സ്ഥാപിച്ചു. 1937-ല്‍ ആമ്പല്ലൂരിലെ ടെക്സ്റ്റൈല്‍സ് തൊഴിലാളികള്‍ പി.എസ്. നമ്പൂതിരിയുടെ നേതൃത്വത്തില്‍ യൂണിയന്‍ ആരംഭിക്കുകയും, 1938-ല്‍ നടന്ന ടെക്സ്റ്റൈല്‍ സമരത്തില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തു. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ തലോര്‍ലിറ്റില്‍ ഫ്ലവര്‍ പ്രൈമറി സ്കൂള്‍ 1925-ല്‍ സി.എം.ഐ വൈദികര്‍ സ്ഥാപിച്ചു. 1885-ല്‍ നെന്മണിക്കര പഞ്ചായത്തില്‍ മണലിപ്പുഴയുടെ തീരത്ത് സെന്റ്. സെബാസ്റ്റ്യന്‍, സ്വദേശി, ശിവകാമി എന്നീ ഓട്ടുകമ്പനികള്‍ സ്ഥാപിച്ചു. റയില്‍വേ ഈ പഞ്ചായത്തിലൂടെ കടന്ന് പോകുന്നുണ്ട്. ചേന്നംകുളങ്ങര ഭഗവതീ ക്ഷേത്രം, തലോര്‍ ശിവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും, തലോര്‍ പുലക്കാട്ടുകര, നെന്മണിക്കര പാലാഴി എന്നിവടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളും പഞ്ചായത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്ന പ്രമുഖ ആരാധനാലയങ്ങളാണ്. ചേനംക്കുളങ്ങര ക്ഷേത്രം, നെന്മണിക്കര ശിവക്ഷേത്രം, എറവക്കാട് മാരിയമ്മന്‍ കോവില്‍, തലോര്‍ ശിവക്ഷേത്രം, പാഴായി അയ്യപ്പക്ഷേത്രം, ചക്കുംകുളം ക്ഷേത്രം, നെല്ലിക്കുളങ്ങര ക്ഷേത്രം, കണ്ണംകുളങ്ങര ക്ഷേത്രം, കോട്ടായി അയ്യപ്പക്ഷേത്രം, ചിറ്റിച്ചാത്ത ക്ഷേത്രം, ചാത്തനാക്കല്‍ ക്ഷേത്രം എന്നിവ പഞ്ചായത്തിലെ ഹൈന്ദവ ആരാധനാലയങ്ങളാണ്. തലോര്‍, പുലക്കാട്ടുകര, നെന്‍മണിക്കര, ചിറ്റിശ്ശേരി, പാഴായി എന്നിവിടങ്ങളില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. താലോര്‍ ശിവരാത്രി മഹോത്സവം, ചേനംകുളങ്ങര ഭരണി, ചക്കംകുളങ്ങര പൂരം, ചിറ്റിച്ചാത്തക്കുടം പൂരം, ചാത്തനാക്കല്‍ പൂരം, പത്താമുദയം ഉത്സവം, നെന്മണിക്കര ശിവരാത്രി, തലോര്‍ പള്ളി പെരുന്നാള്‍, പുല്ലാക്കാട്ടുകര പള്ളി പെരുന്നാള്‍, നെന്മണിക്കര പള്ളി പെരുന്നാള്‍, ചിറ്റിശ്ശേരി പള്ളി പെരുന്നാള്‍, പാഴായി പള്ളി പെരുന്നാള്‍ എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. ചെണ്ടമേളത്തില്‍ പ്രശസ്തനായിരുന്ന ചക്കുംകുളം അപ്പുമാരാര്‍, സംസ്കൃത പണ്ഡിതനായിരുന്ന മുളങ്ങ് വാര്യത്ത് കൃഷ്ണവാര്യര്‍, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കൊച്ചനിയന്‍ വാര്യര്‍ എന്നിവര്‍ പഞ്ചായത്തിലെ മണ്‍മറഞ്ഞുപോയ പ്രമുഖ വ്യക്തികളാണ്.